Sanish, Sarath, Satheesh, Rajesh, Vipin & Me
ദക്ഷിണേന്ത്യയിലെ ജൈനതീര്‍ത്ഥാടനകേന്ദ്രമായി ആദ്യം അറിയാവുന്നത് പ്രശസ്തമായ
ശ്രാവണബലഗൊള മാത്രമായിരുന്നു. ഉഡുപ്പിക്കടുത്ത് കാര്‍ക്കളയിലും മറ്റൊന്നുണ്ടെന്ന്
പിന്നീടറിഞ്ഞു. ബാഹുബലിയുടെ ശിലാപ്രതിമകളാണ് ജൈനാരാധനക്ക് ഉടവ് തട്ടാതെ ഈ
സ്ഥലങ്ങളെ നിലനിര്‍ത്തിയിരുന്നത്. കേരളത്തിലെ പ്രശസ്തമായ കല്ലേക്കുളങ്ങര
ഭഗവതിക്ഷേത്രം ജൈനസംസ്കൃതിയുടെ ഭാഗമാണെന്ന് പറയപ്പെടുന്നു. കുളത്തിലെ ജലപ്പരപ്പിനു
മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൈപ്പടത്തിണ്റ്റെ പുറകിലുള്ള ഐതിഹ്യങ്ങള്‍,
ഹിന്ദുവിശ്വാസപ്രകാരം എന്തുതന്നെയാണെങ്കിലും ജൈനമതത്തിണ്റ്റെ ശേഷിപ്പായ
ഹസ്തമുദ്രയാണതെന്നാണ് ചരിത്രകാരന്‍മാരുടെ പക്ഷം. പാലക്കാട് തന്നെയുള്ള ജൈനിമേടും
ജൈനമതത്തിണ്റ്റെ മറ്റൊരവശിഷ്ടമായി കണക്കാക്കുന്നു.
തമിഴ്നാട്ടില്‍
മാര്‍ത്താണ്ഡത്തിനടുത്ത്, ജൈനസംസ്കൃതിയുടെ ഭാഗമായ ഒരു ക്ഷേത്രം
നിലനില്‍ക്കുന്നുണ്ടെന്ന് ഈയിടക്കാണ് അറിഞ്ഞത്. മഹാവീര-പത്മാവതീ പ്രതിഷ്ഠയുള്ള ഈ
ക്ഷേത്രം പ്രകൃതിരമണീയമായ ഒരു കുന്നിന്‍പുറത്താണെന്നതും ഇവിടം സന്ദര്‍ശിക്കേണ്ടത്
ഒഴിവാക്കാനാവാത്തതാക്കി. ചിതറാല്‍ ജൈനക്ഷേത്രം, മാത്തൂര്‍ തൊട്ടിപ്പാലം,
പദ്മനാഭപുരം കൊട്ടാരം, തൃപ്പരപ്പ് വെള്ളച്ചാട്ടം, ചിറ്റാര്‍ ഡാം എന്നീ സ്ഥലങ്ങളെ
കോര്‍ത്തിണക്കി ഒരു യാത്രക്ക്, ഞങ്ങള്‍ ആറുപേര്‍ മൂന്നു ബൈക്കുകളിലായി പുലര്‍ച്ചെ
തന്നെ പുറപ്പെട്ടതങ്ങിനെയാണ്.
ചിതറാല്‍

ചിതറാല്‍ ജൈനക്ഷേത്രം സ്ഥിതിചെയ്യുന്ന
കുന്നിനു താഴെ ഞങ്ങളെത്തിയപ്പോള്‍ സമയം 9 മണിയായി. വിശാലമായ പാര്‍ക്കിംഗ്
സ്പെയ്സില്‍ 2 ബൈക്കുകള്‍ മാത്രം. ഞായറാഴ്ച, പൂജയുള്ള ദിവസമായിട്ടും
തിരക്കില്ലെന്നു തോന്നുന്നു. പാര്‍ക്കിംഗ് സ്പെയ്സില്‍ നിന്നും കുന്നിനു
മുകളിലേക്കുള്ള നടവഴി കല്ലുപാകിയൊരുക്കിയിട്ടുണ്ട്. ബദാം മരങ്ങള്‍
വഴിക്കതിരിടുന്നു. മുകളിലേക്കു കയറുന്തോറും താഴ്‌വാരത്തില്‍ താമ്രപര്‍ണ്ണി നദി
തെളിഞ്ഞു വന്നു. ഇടക്കിടെ കിട്ടിയ ബദാം കായ്കള്‍ കുത്തിപ്പൊട്ടിച്ച്
പരിപ്പെടുക്കുന്ന പണി ശരത് ഏറ്റെടുത്തു. വെയിലേറ്റ് തളര്‍ന്ന്
കയറിയെത്തിയപ്പോല്‍, പടര്‍ന്നു നില്‍ക്കുന്ന പേരാല്‍ തണലിലിരുത്തി ഇലകളാല്‍
വീശിത്തന്നു. ക്ഷേത്രം കുന്നിണ്റ്റെ മറുവശത്താണെന്നു തോന്നുന്നു. പേരാല്‍
നില്‍ക്കുന്നതിണ്റ്റെ പിന്നിലുള്ള പാറവിടവിലൂടെ മറുവശത്തേക്കു കടന്നു.

ക്ഷേത്രത്തിണ്റ്റെ ഒരു വശത്തേക്കാണ് ചെന്നിറങ്ങുന്നത്. പാറയില്‍,
ജൈനതീര്‍ത്ഥങ്കരന്‍മാരുടേയും ദേവിയുടെയും മറ്റും നഗ്നരൂപങ്ങള്‍
കൊത്തിയെടുത്തിരിക്കുന്നു. ഇവിടെ, മഴയും വെയിലുമേല്‍ക്കാത്ത രീതിയില്‍ ഒരു മണ്ഡപം
തീര്‍ത്ത് സംരക്ഷിച്ചിട്ടുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ,
കുന്നിണ്റ്റെ സംരക്ഷണം ഏറ്റെടുത്തതിനെത്തുടര്‍ന്ന് നടത്തിയ നിര്‍മ്മാണമായിരിക്കാം
ഇത്. കുന്നിണ്റ്റെ മറുവശത്തേക്ക്-താഴ്‌വരയിലേക്ക്-ദര്‍ശനമായാണ് ക്ഷേത്രം
നിലകൊള്ളുന്നത്. മുന്നില്‍ ചെറിയൊരു ജലാശയം. ക്ഷേത്രത്തിനു മുന്നില്‍ നിന്നും
കുളത്തിലേക്ക് കല്‍പ്പടവുകള്‍ കെട്ടിയിറക്കിയിരിക്കുന്നു. കുളത്തിനപ്പുറമുള്ള
പാറയില്‍ കയറി നിന്നാല്‍ താഴ്‌വാരത്തിണ്റ്റെ മനോഹരമായ കാഴ്ച കാണാം. കാഴ്ചകള്‍
കണ്ടാസ്വദിച്ച് അലസമായി നടന്നാല്‍ താഴ്‌വാരത്തിലേക്ക് എളുപ്പമെത്തുകയും ചെയ്യാം;
പാറയുടെ ഒരു വശം ഭീകരമായ താഴ്ചയാണ്!!! ഈ പാറമുകളില്‍, കുഴിച്ചെടുത്ത ഉരലുകളും,
അങ്ങിങ്ങായി വിചിത്രമായ രീതിയിലുള്ള മുദ്രണങ്ങളും ഞങ്ങള്‍ കണ്ടു. ക്ഷേത്രത്തിണ്റ്റെ
മറ്റൊരു വശത്തെ പാറയില്‍ പുരാതനലിപിയില്‍ എന്തെല്ലാമോ കോറിവരച്ചിട്ടിട്ടുണ്ട്.
ഒന്‍പതാം നൂറ്റാണ്ടിലെഴുതിയതാണിതെന്നു കരുതുന്നു.

കുടുംബമായി വന്ന കുറച്ചുപേരും
നാട്ടുകാരായ ചില കുട്ടികളും മാത്രമേ ഞങ്ങളെക്കൂടാതെ ചിതറാലിലുണ്ടായിരുന്നുള്ളു.
എങ്കിലും കുറച്ചു നേരത്തേക്ക് അവിടം ഞങ്ങള്‍ സ്വന്തമാക്കി.
തിരിച്ചിറങ്ങാനൊരുങ്ങുമ്പോള്‍, ദേവനു മുന്നില്‍ എറിഞ്ഞുടച്ച നാളികേരക്കഷ്ണങ്ങള്‍
പൂജാരി പ്രസാദമായി തന്നു. മഹാവീര-പാര്‍ശ്വനാഥ തീര്‍ത്ഥങ്കരന്‍മാരുടേയും പത്മാവതീ
ദേവിയുടെയും പ്രതിഷ്ഠയുണ്ടായിരുന്ന ഇവിടെ ഇപ്പോള്‍ ഹിന്ദു ആരാധനാലയമാണ്.
പേരറിയാത്ത ആ ദേവനു മുന്നില്‍ കൈകൂപ്പി മലയിറങ്ങുമ്പോള്‍ താമ്രപര്‍ണ്ണിയില്‍
അലയിളക്കി വരുന്ന കാറ്റിനു പോലും തെല്ലും കുളിരുണ്ടായിരുന്നില്ല.
മാത്തൂര്‍
തൊട്ടിപ്പാലം
ചിതറാലില്‍ നിന്നും അധികദൂരമില്ല മാത്തൂര്‍ തൊട്ടിപ്പാലത്തിലേക്ക്.
രണ്ട് കുന്നുകള്‍ക്കിടയില്‍, വെള്ളം വഹിക്കുന്ന 'തൊട്ടി' പോലുള്ള ഒരു
പാലമായതുകൊണ്ടാണ് ഇത് തൊട്ടിപ്പാലമായത്. സന്ദര്‍ശകരേറിയത് കാരണം ഇപ്പോള്‍
ടിക്കറ്റും പാര്‍ക്കിംഗ് ഫീസുമൊക്കെയായിട്ടുണ്ട്.

1966 ല്‍ അന്നത്തെ തമിഴ്നാട്
മുഖ്യമന്ത്രി കെ.എം. കാമരാജ്, കല്‍ക്കുളം, വിളവന്‍കോട് താലൂക്കുകളിലെ
ജലസേചനത്തിനായി നിര്‍മ്മിച്ച പട്ടണംകനാലിണ്റ്റെ ഭാഗമായി പണിതതാണ് അരുവിക്കര,
മാത്തൂറ്‍ തൊട്ടിപ്പാലം. 1240 അടി നീളമുള്ള പാലത്തെ 28 തൂണുകള്‍
താങ്ങിനിര്‍ത്തുന്നു. അതില്‍ ഏറ്റവും വലിയ തൂണിന് ഭൂനിരപ്പില്‍ നിന്നും 35
മീറ്ററോളം ഉയരം വരും. 2 മീറ്ററില്‍ കൂടുതല്‍ വീതിയുള്ള തൊട്ടിപ്പാലത്തിണ്റ്റെ,
വീതിയുടെ പകുതി ഭാഗം, കനാലിനു മുകളില്‍ സ്ളാബിട്ട്, ഇരുവശത്തും കൈവരി
പിടിപ്പിച്ച് നടക്കാനനുയോജ്യമാക്കിയിട്ടുണ്ട്.
പാലത്തിനു താഴെക്കൂടി ഒഴുകുന്ന
പറളിയാറും ചുറ്റുമുള്ള പച്ചപ്പും കണ്ട് പാലത്തിലൂടെ അക്കരേക്ക് നടക്കാം. അവിടെ
ഒരു വാച്ച്ടവറും, കോണ്‍ക്രീറ്റ് ശില്‍പങ്ങളുള്ള ചില്‍ഡ്രന്‍ പാര്‍ക്കുമുണ്ട്.
കാഴ്ചകളിലെ വൈവിധ്യം എന്നതിലുപരി, ഏഷ്യയിലെ ഏറ്റവും വലിയ അക്വിഡേറ്റുകളിലൊന്ന്
(aqueduct) കണ്ടു എന്നതും, ആ പുരാതന നിര്‍മ്മിതിയുടെ വൈദഗ്ധ്യവും
സാങ്കേതികത്തികവും ആസ്വദിച്ചു എന്നതുമാണ് മാത്തൂര്‍ തൊട്ടിപ്പാലം
സന്ദര്‍ശിച്ചതുകൊണ്ട് ലഭ്യമായത്. പാലത്തിന് മുകളില്‍ നിന്നുള്ള കാഴ്ചകളും
സുന്ദരമാണ്.
പദ്മനാഭപുരം പാലസ്

ചെരുപ്പഴിച്ച് ക്ളോക്‌റൂമിലേല്‍പ്പിച്ച്
കൊട്ടാരമുറ്റത്തെ പൂഴിമണ്ണില്‍ കാലെടുത്ത് വെച്ചപ്പോള്‍, നൂറ്റാണ്ടുകള്‍ക്ക്
പിന്നില്‍ നിന്നും പല്ലക്ക് ചുമട്ടുകാരുടെ ഓഹോയ് വിളികള്‍ സ്വപ്നത്തിലെന്ന പോലെ
കേട്ടു. ചിനച്ചോടുന്ന കുതിരയുടെ കുളമ്പടിയൊച്ചകള്‍..........വാളും പരിചയും
കൂട്ടിമുട്ടുന്ന ശബ്ദം........മറ്റെല്ലാം നിശ്ശബ്ദമാക്കിക്കൊണ്ട് വേണാട്ടരചണ്റ്റെ
പാദപതനധ്വനികള്‍. വീരമാര്‍ത്തണ്ഡവര്‍മ്മയുടേയും സ്വാതിതിരുനാളിണ്റ്റേയും റാണി
ഗൌരിലക്ഷ്മീബായിയുടേയുമൊക്കെ മുന്‍തലമുറ കളിച്ചുവളര്‍ന്ന, ഭരിച്ചു സംരക്ഷിച്ച ആ
മണ്ണിലാണ് ഞങ്ങളിപ്പോള്‍ നില്‍ക്കുന്നത്.
വേളിമലയുടെ പശ്ചാത്തലത്തില്‍
അങ്ങിങ്ങായി തലയുയര്‍ത്തിനില്‍ക്കുന്നു കൊട്ടാരമുഖപ്പുകള്‍. നിഴലും വെളിച്ചവും
ഇഴചേര്‍ന്ന് സൃഷ്ടിക്കുന്ന സൌന്ദര്യത്തില്‍ ലയിച്ചുകിടക്കുന്ന അന്തഃപുര
ഇടനാഴികളില്‍ കുളിരകലാതെ നില്‍ക്കുന്നു. മണ്ണിലും മരത്തിലും ശിലയിലും, രാജശാസനകള്‍
ചിന്തേരിട്ടെടുത്ത കലാരൂപങ്ങള്‍ അനുകരിക്കാനാവാത്ത സൃഷ്ടികളായി നിലകൊള്ളുന്നു.
കൊട്ടാരത്തിണ്റ്റെ പൂമുഖത്തേക്കാണ് ആദ്യം കടന്നു ചെല്ലുക. ചിരട്ടക്കരിയും
മുട്ടയുടെ വെള്ളയും മറ്റും ചേര്‍ത്ത് നിര്‍മ്മിച്ചിരിക്കുന്ന നിലം മിനുസമേറി
തിളങ്ങുന്നു. ഉറപ്പോടെ ഇന്നും നിലനില്‍ക്കുന്ന ആ നിര്‍മ്മാണം ആധുനിക
സാങ്കേതികവിദ്യകളെ പരിഹസിച്ചു ചിരിക്കുകയാണോ? പൂമുഖമച്ചിനെ അലംകൃതമാക്കുന്ന,
മരത്തില്‍തീര്‍ത്ത 99 പൂക്കളില്‍ 99 ഉം വ്യത്യസ്ത രൂപത്തിലുള്ളവ. മച്ചില്‍ നിന്നും
ഞാന്നുകിടക്കുന്ന 'കുതിരക്കാരന്‍വിളക്ക്' ഏത് ദിശയില്‍ തിരിച്ചുനിര്‍ത്തിയാലും ആ
ദിശയിലേക്ക് വെളിച്ചം നല്‍കുന്നു. വിളക്കിണ്റ്റെ ചങ്ങലയില്‍ നിര്‍മ്മിച്ചിരിക്കുന
ലോക്കിംഗ് സിസ്റ്റമാണ് എതിര്‍ദിശയിലേക്ക് ചുറ്റഴിയാതെ ഇത്
പ്രാവര്‍ത്തികമാക്കുന്നത്. പൂമുഖത്തിലെ വരാന്തയില്‍ ഒരു കട്ടിലുണ്ട്.
കടഞ്ഞെടുത്ത് 7 കരിങ്കല്‍ക്കഷ്ണങ്ങള്‍ ഇണ്റ്റര്‍ലോക്ക് സാങ്കേതികവിദ്യയില്‍
പരസ്പരം ചേര്‍ത്ത്‌വെച്ചാണ് ആ കട്ടിലിണ്റ്റെ നിര്‍മ്മാണം.
പദ്മനാഭപുരം കൊട്ടാരം പല
സിനിമകള്‍ക്കും ലൊക്കേഷനായിട്ടുണ്ട്. 'ഹിസ് ഹൈനസ്സ് അബ്ദുള്ള'യിലെ ആ പൂമുഖം
വേറെയേതുമല്ല. ചങ്ങലക്കൊളുത്തില്‍ തൂങ്ങിയാടുന്ന കുതിരക്കാരന്‍ വിളക്കും, മച്ചിലെ
കൊത്തുപണികളും സ്ക്രീനില്‍ തെളിയുമ്പോള്‍ പദ്മനാഭപുരം കൊട്ടാരത്തെ വേഗം
തിരിച്ചറിയാം.

പൂമുഖത്തിനു മുകളില്‍ രാജസഭ കൂടിയിരുന്ന ദര്‍ബാറാണ്. ദര്‍ബാര്‍
ഹാളില്‍ നിന്നും ചെല്ലുന്നത് ഊട്ടുപുരയിലേക്കാണ്. 1000 പേര്‍ക്ക്
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന വിശാലമായ ഊട്ടുപുര. പ്രാര്‍ത്ഥനാമുറിയും
നടുത്തളവും കടന്ന് ചെന്നാല്‍ ഉപ്പിരിക്കമാളികയായി. താഴെ ഖജനാവ്, അതിനു മുകളില്‍
മഹരാജാവിണ്റ്റെ ശയനമുറി, അതിനും മുകളില്‍ തേവാരപ്പുര എന്നിങ്ങനെ 3 നിലകളായാണ്
ഉപ്പിരിക്കമാളിക. രാജവധുക്കളുടെ അന്തഃപുരം, അമ്മമഹാറാണിയുടെ ശയനമുറി, പഴയകാല
ശൌചാലയങ്ങള്‍ എന്നിവയും ഇതിനോടനുബന്ധിച്ചുണ്ട്.
ജനലുകളില്ലാത്ത
ആയുധപ്പുരയിലേക്കാണ് ഇനി ചെല്ല്ളുന്നത്. വാളും പരിചകളും കുന്തങ്ങളും
മറ്റായുധങ്ങളും കുന്നുകൂട്ടിയിട്ടിരുന്ന മുറികള്‍ ഇന്ന് ശൂന്യമായിക്കിടന്ന്
സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ആയുധപ്പുരക്കടുത്തുള്ള വരാന്തകളില്‍ നിന്നാല്‍
കൊട്ടാരക്കെട്ടിണ്റ്റെ പൂര്‍ണ്ണമായ നിരീക്ഷണം സാധ്യമാവും. രാജാവിനേയും നാടിനേയും
സ്പര്‍ശിച്ച നാനാസംഭവങ്ങളുടെ ചിത്രരചനകളാല്‍ അലങ്കരിക്കപ്പെട്ട നിരവധി ഹാളുകള്‍
പിന്നിട്ട് ചെന്നാല്‍ പാചകപ്പുരയിലെത്തും. കരിങ്കല്ലില്‍ തീര്‍ത്ത ആട്ടുകല്ലുകളും
വെള്ളം നിറച്ച് വെക്കാനുള്ള തൊട്ടികളും ഇളക്കിമാറ്റാനാവാത്ത മറ്റ് ചില
നിര്‍മ്മിതികളും മാത്രമേ ഇവിടെ അവശേഷിക്കുന്നുള്ളു.

കൊട്ടാരക്കെട്ടിണ്റ്റെ മറ്റ്
ഭാഗങ്ങളുടെ നിര്‍മ്മിതി പൂര്‍ണ്ണമായും മരം കൊണ്ടാണെങ്കിലും, ഇനി ചെല്ലുന്ന
നവരാത്രിമണ്ഡപം കരിങ്കല്‍ നിര്‍മ്മിതിയാണ്. ഈ സ്ഥലത്തിന് പക്ഷേ ഇപ്പോഴത്തെ
വിളിപ്പേര് 'വല്ലിയാടിയ സ്ഥലം' എന്നാണ്. കൊട്ടാരത്തിലെ ഗൈഡ്സും ഇവിടം
പരിചയപ്പെടുത്തുക അങ്ങനെയാണ്. 'മണിച്ചിത്രത്താഴി'ല്‍ നാഗവല്ലിയുടെ ക്ളൈമാക്സ്
നൃത്തരംഗം ഷൂട്ട് ചെയ്തതിവിടെയായതിനാല്‍ പരിചയപ്പെടുത്താന്‍ എളുപ്പമതായി.
കൊട്ടാരത്തിണ്റ്റെ പലഭാഗങ്ങളും ഈ സിനിമയിലും മറ്റ് സിനിമകളിലും
ദൃശ്യവല്‍ക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും പേര്‍കൊണ്ട് പ്രശസ്തമായത് ഇവിടെ
മാത്രമാണ്.
കൊട്ടാരക്കെട്ടിനകത്തെ കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയാല്‍
തെക്കേകൊട്ടാരത്തില്‍ മ്യൂസിയം സജ്ജീകരിച്ചിട്ടുണ്ട്. പഴയകാല ആയുധങ്ങള്‍,
വിഗ്രഹങ്ങള്‍, ശിലാശാസനങ്ങള്‍ എന്നിവ ഇവിടെ കാണാം. കുറ്റവാളികളെ ഇരുമ്പ്
ചട്ടക്കൂടില്‍ ബന്ധിച്ച് പക്ഷികള്‍ക്ക് അഹാരമാക്കാനായി തൂക്കിയിട്ടിരുന്ന
ഇരുമ്പ് കൂട് നോക്കിക്കാണുമ്പോള്‍, അസ്ഥികളിലൂടെ ഒരു മരവിപ്പ് അരിച്ചിറങ്ങും.

മഹാരാജാവിണ്റ്റെ ശയനമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ശയനമഞ്ചം 640 തരം
ഔഷധത്തടികള്‍കൊണ്ട് നിര്‍മ്മിച്ചതാണെത്രേ. ഡച്ചുവ്യാപാരികളുടെ സമ്മാനമാണിതെന്നാണ്
ചരിത്രം. കൊട്ടാരത്തിലൊരിടത്ത് ഒരു തുരങ്കമുണ്ടെന്നും, ആപല്‍ഘട്ടത്തില്‍
രാജകുടുംബത്തിന് രക്ഷപ്പെടാനുള്ള ഈ മാര്‍ഗ്ഗത്തിന് കിലോമീറ്ററുകള്‍ നീളവും
പലഭാഗത്തേക്കും വഴികളുമുണ്ടെന്ന് പറയപ്പെടുന്നു. രാജഭരണം വഴിമാറി ജനാധിപത്യം
വന്നെങ്കിലും, കാടും നാടും വെട്ടിപ്പിടിച്ച് തണ്റ്റെ കാല്‍ക്കീഴിലാക്കി
ഭരിച്ചിരുന്ന, വൈദേശികാധിപത്യങ്ങളെ വെല്ലുവിളിച്ച് തോല്‍പ്പിച്ച, അരചന്‍മാരുടെ അതേ
അധികാരപ്രമത്തത്തോടെയാണ് ഇന്നും ആ കൊട്ടാരമുഖപ്പുകള്‍ തലയുയര്‍ത്തി
നില്‍ക്കുന്നത്.
തൃപ്പരപ്പ് വാട്ടര്‍ഫാള്‍

കൊട്ടാരത്തില്‍ നിന്നിറങ്ങി നേരെ പോയത്
തൃപ്പരപ്പിലേക്കാണ്. 'കുമാരികുറ്റാലം' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന
തൃപ്പരപ്പ് വെള്ളച്ചാട്ടത്തിലേക്ക്. വെള്ളച്ചാട്ടത്തിലേക്കുള്ള പാത പൂക്കളും
ചെടികളും വെച്ച് ലാന്‍ഡ്സ്കേപ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക്
കുളിക്കാന്‍ വെള്ളച്ചാട്ടത്തിനടിഭാഗത്ത് അല്‍പംമാറി ഒരു നീന്തല്‍ക്കുളവും
സജ്ജീകരിച്ചിട്ടുണ്ട്. അപകടകരമായ ഭദ്രകാളിച്ചുഴി വെള്ളച്ചാട്ടത്തിലെവിടെയോ ഉണ്ട്.
ഒരു കുളി ഉദ്ദേശിച്ചാണിവിടേക്ക് വന്നതെങ്കിലും, എന്തോ, ആര്‍ക്കും വെള്ളച്ചാട്ടം
അത്ര ആകര്‍ഷകമായി തോന്നിയില്ല. ഞങ്ങള്‍ ഫാള്‍സിണ്റ്റെ മുകള്‍ഭാഗത്തേക്ക് നടന്നു.
പ്രസിദ്ധമായ തൃപ്പരപ്പ് മഹാദേവക്ഷേത്രം ഇവിടെയാണ്. ശിവാലയഓട്ടത്തിലെ 12
ക്ഷേത്രങ്ങളില്‍ മൂന്നാമത്തേതാണിത്. ക്ഷേത്രത്തിനു മുന്നിലൂടെ,
പാറക്കൂട്ടങ്ങള്‍ക്ക് മുകളിലൂടെ പരന്നൊഴുകുന്ന കോതയാര്‍, അല്‍പം താഴെ ചെന്ന് 50
അടി താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് തൃപ്പരപ്പ് ഫാള്‍സ്. ആറിനു നടുവില്‍
ശ്രീവിശാഖം തിരുനാള്‍ പണികഴിപ്പിച്ച ഒരു കല്‍മണ്ഡപമുണ്ട്. ഉരുണ്ടുകൂടിയ
കാര്‍മേഘങ്ങള്‍ ഈറനൊഴിയാനെടുത്ത ഇത്തിരി നേരം ആ കല്‍മണ്ഡപത്തിലായിരുന്നു ഞങ്ങള്‍.


ആറിണ്റ്റെ അല്‍പംകൂടി മുകളില്‍ ജലസേചനത്തിനായി നിര്‍മ്മിച്ച ഒരു ചെറിയ തടയണ. തടയണ
തീര്‍ക്കുന്ന ജലാശയത്തില്‍ ബോട്ടിംഗിനുള്ള സൌകര്യമുണ്ട്. വര്‍ഷം മുഴുവന്‍
തൃപ്പരപ്പ് ഫാള്‍സില്‍ ഒരു പോലെ വെള്ളം ലഭ്യമാക്കുന്നത് ഈ തടയണയാണ്.
സൂര്യകിരണങ്ങളുടെ ചെങ്കനല്‍ പ്രഭ മങ്ങിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ മടക്കയാത്ര
ആരംഭിച്ചു. പുതിയൊരു വഴിയേയാണ് മടക്കം. ചിറ്റാര്‍ ഡാം-2ണ്റ്റെ തടാകക്കരയിലൂടെ.
സാന്ധ്യശോണിമ മാഞ്ഞെങ്കിലും പോകുന്ന വഴിയില്‍ ഡാമില്‍ കയറാതിരിക്കാനായില്ല.
വെള്ളമിറങ്ങിയ ചെന്തിട്ടകളുമായി, പശ്ചിമഘട്ടത്തിണ്റ്റെ നീലിമ ഒഴുകിയിറങ്ങി
നിറഞ്ഞുകിടക്കുന്ന ആ തടാകക്കരയില്‍, ഇളംകാറ്റിണ്റ്റെ തലോടലേറ്റ് ഇനിയുമേറെ നേരം
ചിലവഴിക്കാനാഗ്രഹമുണ്ടായിരുന്നെങ്കിലും, പിന്നിടാനുള്ള വഴികളുടെ ദൈര്‍ഘ്യം ആ
തീരത്തുനിന്നും ഞങ്ങളെ മടക്കിവിളിച്ചു.